
ഇസ്ലാമബാദ് : ഇസ്ലാമബാദിനടുത്ത് കഴിഞ്ഞ ദിവസം തകര്‍ന്ന് വീണ എയര്‍ബ്ലൂ എയര്‍ലൈന്‍സ് വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി. ഇസ്ലാമബാദ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനു തൊട്ടു മുമ്പ് നടന്ന അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരും ജോലിക്കാരും കൊല്ലപ്പെട്ടിരുന്നു.
തുര്‍ക്കിയില്‍ നിന്ന് കറാച്ചി വഴി വന്ന എയര്‍ബ്ലൂവിന്റെ എ-321 എയര്‍ബസാണ് മര്‍ഗല വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് തകര്‍ന്ന് വീണത്. യാത്രക്കാരില്‍ ചിലര്‍ രക്ഷപെട്ടു എന്ന് പാകിസ്ഥാന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു എങ്കിലും പിന്നീട് ഇത് ആഭ്യന്തരമന്ത്രാലയം നിഷേധിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന 152 പേരും മരിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാനിലെ മൂന്നാമത്തെ വലിയ വിമാന ദുരന്തമാണ് കഴിഞ്ഞ ദിവസം നടന്നത്.
അപകടത്തിനു പിന്നില്‍ ഭീകര പ്രവര്‍ത്തനം സംശയിക്കുന്നില്ല എന്ന് പാക് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. മോശം കാലവസ്ഥയാണ് അപകടകാരണമായതെന്നാണ് നിഗമനം. ബ്ലാക്ബോക്സ് ഡീകോഡ് ചെയ്യുന്നതിലൂടെ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കും.
രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ എല്ലാം കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇവയില്‍ മിക്കതും കത്തിക്കരിഞ്ഞ നിലയില്‍ ആയതിനാല്‍ ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാന്‍ സാധിക്കൂ എന്നാണ് സൂചന. .