home About us Cute Kids Archives web kasaragodvartha.com 16th February 2009 12:29:04 AM കാസര്‍കോട്: ഹൊസ്‌ദുര്‍ഗ് താലൂക്കിന്റെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ കാട്ടാന ശല്ല്യം രൂക്ഷമായി. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഈസ്റ്റ് എളേരിയിലെ ചായിക്കാനം, വായിക്കാനം, തയ്യേനി കോളനികളിലാണ് കാട്ടാന ഭീഷണി ഉയര്‍ന്നിട്ടുള്ളത്. തൊഴിലില്ലായ്‌മയും പട്ടിണിയും പകര്‍ച്ച രോഗങ്ങളും മൂലം കഷ്‌ടപ്പെടുന്ന ഈ കോളനികളില്‍ കാട്ടാന ശല്ല്യം കൂടിയായതോടെ മുപ്പതിലേറെ ദളിത് കുടുംബങ്ങള്‍ ഉറക്കമില്ലാതെ കഴിയുകയാണ്. കുട്ടികള്‍ക്കുപോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കാട്ടാനകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ വായിക്കാനം കോളനിയിലെ പാപ്പിനി വീട്ടില്‍ ജാനകി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഒരു രാത്രി മുഴുവന്‍ വായിക്കാനം കോളനിവാസികള്‍ക്ക് കാട്ടാനകളുടെ ശല്ല്യം നേരിട്ട് കാണേണ്ടിവന്നു. വീടിന് പുറത്തെ കാര്‍ഷിക വിളകള്‍ ഒടിഞ്ഞുവീഴുന്ന ശബ്‌ദം കേട്ട് മുറ്റത്തിറങ്ങിയപ്പോഴാണ് ജാനകി ആനക്കൂട്ടത്തെ കണ്ടത്. ഭയന്ന് നിലവിളിച്ച ജാനകി പേരക്കുട്ടിയെയുമെടുത്ത് അയല്‍പ്പക്കത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്‌ച രാത്രി 12 മണിയോടെയാണ് വീടിനോട് ചേര്‍ന്നുള്ള കര്‍ണാടക വനത്തില്‍നിന്ന് ആനക്കൂട്ടമെത്തിയത്. രണ്ട് കുട്ടിയാനകളടക്കം അഞ്ച് ആനകളാണ് ചിന്നംവിളികളുമായി ജാനകിയുടെ വീടിന് മുന്നില്‍ പരാക്രമം കാട്ടിയത്. വീടിന് സമീപത്തുണ്ടായിരുന്ന കവുങ്ങ്, തെങ്ങ്, വാഴ എന്നിവ കാട്ടാനകള്‍ പൂര്‍ണമായും നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി വായിക്കാനം കോളനി പ്രദേശത്ത് വീണ്ടും കൂട്ടത്തോടെ ഇറങ്ങിയ ആനകള്‍ കവുങ്ങ്, തെങ്ങ്, വാഴ, കുരുമുളക്, റബര്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. വായിക്കാനത്തെ പാപ്പിനി വീട്ടില്‍ കുഞ്ഞിരാമന്‍, തയ്യേനിയിലെ തമ്പാന്‍, കോട്ടയില്‍ കണ്ണന്‍ എന്നിവരുടെ മുപ്പതോളം കവുങ്ങ് ആറ് തെങ്ങ്, അമ്പതിലേറെ കുലച്ച വാഴ, റബര്‍ തൈകള്‍ എന്നിവ ആനക്കൂട്ടം പിഴുത് നശിപ്പിച്ചു. കാട്ടാന ഭീതി മൂലം വായിക്കാനം കോളനിയിലെ ആറ് കുടുംബങ്ങള്‍ വീട് വിട്ട് ബന്ധു വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. കഷ്‌ടപ്പെട്ടുണ്ടാക്കിയ കാര്‍ഷിക വിളകള്‍ പൂര്‍ണമായി നശിപ്പിക്കുന്നത് വേദനയോടെ നോക്കിനില്‍ക്കാന്‍ മാത്രമേ ഇവര്‍ക്കു സാധിക്കുകയുള്ളൂ. ഈസ്റ്റ് എളേരി പഞ്ചായത്തില്‍പ്പെട്ട ഇവിടെ ഇതിനു മുമ്പും ആന ശല്യം രൂക്ഷമായിരുന്നു. എന്നാല്‍ ഇത്രയുമധികം കൃഷിനാശമുണ്ടാക്കിയത് ഇതാദ്യമാണ്. കാട്ടാന ശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ കിടങ്ങുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഫലവത്താകുന്നില്ല. വര്‍ഷങ്ങളായി കാട്ടനകള്‍ നാട്ടിലിറങ്ങുമ്പോള്‍ പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയും തീയിട്ടും പന്തം കൊളുത്തി എറിഞ്ഞുമാണ് ഓടിച്ചിരുന്നത്. എന്നാല്‍ പടക്കം പൊട്ടുന്ന ഒച്ച കേട്ടാല്‍ ആനയെ വെടിവെച്ചതാണെന്നാരോപിച്ച് കോളനി വാസികള്‍ക്കെതിരെ കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കേസെടുക്കുന്നത് പതിവാണ്. ഇത്തരത്തില്‍ കള്ളക്കേസില്‍പ്പെട്ട് നിരവധി പേര്‍ കര്‍ണാടക മടിക്കേരി ജയിലില്‍ കഴിയുന്നുണ്ട്. അതുകൊണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭയന്ന് പടക്കം പൊട്ടിക്കാന്‍ കോളനിവാസികള്‍ക്ക് മടിയാണ്. ആനശല്യം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പലതവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. .